loader
Pallathamkulangara Gireeshan

Pallathamkulangara Gireeshan

ചിലര്‍ അങ്ങിനെയാണ്, പെണ്ണുകെട്ടിക്കഴിഞ്ഞ് ശിഷ്ടജീവിതം മുഴുവന്‍ സഹധര്‍മ്മിണിയുട നാട്ടിലായിരിക്കും കഴിച്ചുകൂട്ടുന്നതെങ്കിലും അവര്‍ അറിയപ്പെടുന്നതും അവരെപ്പറ്റി പറയാന്‍ പൊതുജനം ഇഷ്ടപ്പെടുന്നതും പഴയനാടിന്റെ പേര് കൂട്ടിയായിരിക്കും. ആനകള്‍ക്കും ഉണ്ട് ചില 'തൂലികാ'നാമങ്ങളും നാട്ടുപേരുകളും. പഴയകാലത്തൊക്കെ മനകളുടെയും ക്ഷേത്രങ്ങളുടെയും പേരുകളിലാണ് നല്ലൊരു ശതമാനം ആനകള്‍ അറിയപ്പെട്ടിരുന്നത്. ഗുരുവായൂര്‍ കേശവനും പൂമുള്ളി ഗണേശനും എല്ലാം അങ്ങിനെ പേരും പെരുമയും ആര്‍ജിച്ച 'ഇന്നലെകളുടെ തമ്പുരാക്കള്‍' ആണ്.

ഇന്നിപ്പോള്‍ ആനകള്‍ പലതും അറിയപ്പെടുന്നത് ഉടമകളുടെ പേരില്‍, അല്ലെങ്കില്‍ ഉടമയുടെ നാടിന്റെ പേരില്‍ എന്നായിരിക്കുന്നു. പക്ഷെ ഒന്നുണ്ട് ആനയ്ക്ക് പേരിടുമ്പോള്‍ ആനകളുടെ താത്പര്യം ആരും അന്വേഷിക്കാറില്ലാത്തതുപോലെ, ആവരോട് അന്വേഷിക്കാതെ തന്നെയായിരിക്കും പേര് മാറ്റുന്നതും. ആന പ്രശ്‌നക്കാരനാണെങ്കില്‍, അഥവാ അവന്റെ സര്‍വീസ് ബുക്കില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ ചുവന്നമഷി കയറിയിട്ടുണ്ടെങ്കില്‍, കച്ചവടം കഴിഞ്ഞാല്‍ എത്രയും വേഗം പഴയപേര് കളഞ്ഞ് അവനെ പുതിയ പേരില്‍, പുതിയൊരു പരിവേഷത്തില്‍ അവതരിപ്പിക്കാനായിരിക്കും ഉടമയ്ക്ക് തിടുക്കം.

എന്നാല്‍ ചിലരുണ്ട്, അത്യാവശ്യം ചട്ടമ്പിത്തരവും, ഉരുളയ്ക്കുപ്പേരിപോലുള്ള അടിമുടി ആണത്തവുമായി കൊതിപ്പിച്ചു കൊണ്ടും വിറപ്പിച്ചുകൊണ്ടും നടകൊള്ളുന്ന ചില കായംകുളം കൊച്ചുണ്ണിമാര്‍. അവരുടെ കുപ്രസിദ്ധിപോലും മറ്റുചിലരുടെ 'സദ്ഗുണസമ്പന്നത'യേക്കാള്‍ ജനത്തിന് ഹരമാണ്, പെരുത്തിഷ്ടമാണ്. അങ്ങനെയൊരു കൊച്ചുണ്ണി അവന്റെ ജീവിതകഥ കേട്ടാല്‍ ആരും ഒന്ന് സംഭ്രമിക്കുകയും, അവനെ ഒരുനോക്ക് കണ്ടാല്‍ ആ നിമിഷം തന്നെ മനസ്സില്‍ കുടിയിരുത്തകയും ചെയ്യുന്ന ഒരു ആനക്കൊച്ചുണ്ണി അതാണ് പള്ളത്താന്‍കുളങ്ങര ഗിരീശന്‍.
ഉത്തരേന്ത്യയില്‍ നിന്നു വന്ന ഈ ആനപ്പുരുഷന് പക്ഷെ ഒറ്റനോട്ടത്തില്‍ മലയാളികളുടെ എല്ലാ ലക്ഷണങ്ങളുമുണ്ട്. അസാമാന്യമായ തലവലിപ്പം, മികച്ച കൊമ്പുകള്‍, നിലത്തിഴയുന്ന തുമ്പിക്കൈ, കൊഴുത്തുരുണ്ട ശരീരം.... അങ്ങിനെ നോക്കിയാല്‍ എല്ലാം തികഞ്ഞവന്‍. എന്നാല്‍ ഇതിനെല്ലാമപ്പുറം മറ്റൊന്ന് കൂടിയുണ്ട് ഇവന്റെ ആവനാഴിയില്‍. ആഡ്യത്വം ഓളംതുള്ളുന്ന അഴകിന്റെ പൊരുളായ രാജനട! അതെ, ആനയുടെ നടത്തം തന്നെ ഒരു കാഴ്ചയാണെങ്കില്‍ ആ കാഴ്ചവിരുന്നിന്റെ പള്ളിപ്പുറപ്പാടാണ് പള്ളത്താന്‍കുളങ്ങര ഗിരീശന്‍.

ഇവനെപ്പോലൊരു പാവത്താന്‍ ഭൂമിമലയാളത്തില്‍ ഉണ്ടാവില്ല, ഒരു ഉറുമ്പിനെപ്പോലും നുള്ളിനോവിക്കാത്തവന്‍. ഇഹലോകവാസം എടുത്തതുതന്നെ മനുഷ്യനുമായി ഇണക്കംകൂടാന്‍.....!! ഇങ്ങനെയൊക്കെയാണ് ഇന്നത്തെകാലത്ത് തങ്ങളുടെ ആനകളെ പൊതുജനസമക്ഷം പരിചയപ്പെടുത്തുവാന്‍ ആനയുടമകള്‍ മത്സരിക്കാറുള്ളത്. എന്നാല്‍ പള്ളത്താന്‍കുളങ്ങര ഗിരീശന്റെ ഉടമകളായ സുധന്‍ പെരുമിറ്റവും സുഹൃത്തുക്കളും അക്കൂട്ടത്തില്‍പെടില്ല. 'ഞങ്ങളുടെ ചെക്കന്‍ ഇത്തിരി ഗൗരവക്കാരനാണ്, വേണ്ടാത്ത വെടക്ക് വേലകളുമായി അവന്റെ അടുത്ത് ചെന്നാല്‍ ചിലപ്പോള്‍ രണ്ട് കിട്ടിയെന്നുവരും' എന്ന് ആരോട് പറയാനും അവര്‍ക്ക് മടിയില്ല. മടിയില്ലെന്ന് മാത്രമല്ല, ഒരര്‍ഥത്തില്‍ ഗിരീശിന്റെ ഹൈവോള്‍ട്ടേജ് ആണത്തവും വീരസാഹസിക കഥകളും എല്ലാം നല്ലതുപോലെ കണ്ടുംകേട്ടും അടുത്തറിഞ്ഞതിന് ശേഷമായിരുന്നു അവനെ സ്വന്തമാക്കാന്‍ തീരുമാനിച്ചതു തന്നെ!

അതെ... ആണായിപിറന്നതും ആനയായി പിറന്നതും ആയുഷ്‌കാലം മുഴുവന്‍ ആരുടെയെങ്കിലും അടിമയായി കഴിഞ്ഞുകൊള്ളാമെന്ന് മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുത്ത ശേഷമല്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയും സ്വയം വിശ്വസിക്കുകയും ചെയ്യുന്ന ഒരാന. കുറഞ്ഞത് മൂന്നുവട്ടമെങ്കിലും അവന്റെ ആങ്കക്കലിയില്‍ മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. പക്ഷെ ഇതില്‍ ഒന്നുപോലും ഉത്സവം കൂടാനെത്തിയ പൊതുജനങ്ങളുടെ നേര്‍ക്കായിരുന്നില്ലെന്നത് എടത്തുപറയണം. എങ്കിലും അതില്‍ ഒന്ന് ഇത്തിരി കടുപ്പമേറിയത് തന്നെയായിരുന്നു. ഒരു മിഠായിപ്പൊതിക്ക് മുമ്പില്‍ പൂത്തുതളിരിക്കുകയും ചെയറിയൊരു പരിഹാസത്തിന് മുന്നില്‍ കാലുഷ്യം കാണിക്കുകയും ചെയ്യുന്ന കുട്ടിമനസ്സുകള്‍ക്ക് സമാനമല്ലേ ആനകളും എന്ന് സംശയം ജനിപ്പിക്കുന്ന ഒരു സംഭവം.

അന്ന് വൈപ്പിന്‍ ദ്വീപുസമൂഹത്തില്‍ ഉള്‍പ്പെടുന്ന പള്ളത്താന്‍കുളങ്ങര ദേവസ്വത്തിന്റെ സ്വന്തമായിരുന്നു ഗിരീശന്‍. സ്വന്തം തട്ടകത്തിലെ ഉത്സവത്തിന് തിടമ്പേറ്റി അമ്പലം വലംവെയ്ക്കുന്നതിനിടെ, ദേവസ്വം ഭാരവാഹികളില്‍ ഒരാള്‍, കൈയ്യില്‍ ഗിരീശനുള്ള ശര്‍ക്കരയോ മധുരപലഹാരമോ എടുത്ത് ഓഫീസിനു മുന്നില്‍ കാത്തു നിന്നു. എന്നാല്‍ ആന അടുത്തെത്താറായാപ്പോഴേക്കും പെട്ടെന്ന് അത് നല്‍കാന്‍ കഴിയാതെ തന്നെ അദ്ദേഹത്തിന് അകത്തേക്ക് പോകേണ്ടി വന്നു. ആന അടുത്ത പ്രദിക്ഷണം കഴിഞ്ഞ് ഓഫീസിന് അടുത്തെത്തിയപ്പോഴും ഇങ്ങനെ സംഭവിച്ചുവെന്ന് പറയുന്നു. ഫലമോ... പിന്നീട് കാഴ്ചമധുരവുമായി ഗിരീശനടുത്ത് എത്തിയ ആ ഹതഭാഗ്യനെ ഗിരീശന്‍ കടന്നാക്രമിച്ചു. നാടിനെ നടുക്കിയ ആ കൊലപാതകത്തിന് ശേഷമാണ് മനസ്സില്ലാമനസ്സോടെയാണെങ്കിലും ഗിരീശനെ വില്‍ക്കാമെന്ന് പള്ളത്താന്‍കുളങ്ങര ദേവസ്വം തീരുമാനിക്കുന്നത്. ഇപ്പോഴത്തെ ഉടമകളായ സുധനും സുഹൃത്തുക്കളും ചേര്‍ന്ന് വാങ്ങുമ്പോഴേ അവര്‍ ഒന്ന് ഉറപ്പിച്ചു- എന്തൊക്കെ കുറ്റാരോപണങ്ങള്‍ ഉണ്ടെങ്കിലും ശരി പള്ളത്താന്‍കുളങ്ങര ഗിരീശന്‍ എന്ന പേരിന് മാറ്റമില്ല!

ആണുങ്ങളായാല്‍ അത്യാവശ്യം ചൂരും ചൂടും വേണമെന്നുള്ള അവരുടെ ആ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നത് തന്നെയാണ് ഇന്ന് ഉത്സവനഗരികളിലും ആനപ്രമികള്‍ക്കിടയിലും പള്ളത്തോന്‍കുളങ്ങര ഗിരീശനുള്ള ജനസമ്മിതി. തൃശൂര്‍ പൂരവും നെന്മാറ വല്ലങ്ങിവേലയും അടുപ്പുകൂട്ടി പള്ളിപ്പെരുന്നാളും പോലുള്ള പേരുകേട്ട ആനപ്പെരുങ്കളിയാട്ടത്തില്‍ ഒക്കെ ഈ ലക്ഷണോത്തമന്റെ സാന്നിദ്ധ്യം ഒഴിച്ചുകൂടാത്തതാണ്. അതിനിടെ, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയിട്ടുള്ള ചില കൈയ്യബദ്ധങ്ങള്‍, കടുംകൈകള്‍ - അത് അവനേടുള്ള ജനത്തിന്റെ ഹരം കൂട്ടുന്നതല്ലാതെ തെല്ലും കുറയ്ക്കുന്നില്ല.

Share with Friends on Social Medias