കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ ഈരാറ്റുപേട്ട പരവന്‍പറമ്പില്‍ വെള്ളൂക്കുന്നേല്‍ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകുറുമ്പനാണ് പിന്നീട് ആനപ്രേമികളുടെ മനസ്സിനെ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യമായ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്.
പരവന്‍പറമ്പില്‍ വെള്ളൂകുന്നേല്‍ കുഞ്ഞൂഞ്ഞ്‌ചേട്ടന്‍ എന്ന ജോസഫ്‌തോമസും ഭാര്യ ഈത്താമ്മയും ചേര്‍ന്നാണ് ആരാമിനെ വാങ്ങാന്‍ തീരുമാനിക്കുന്നത്. 1977 ഡിസംബര്‍ 20 ന് ലേലത്തില്‍പിടിക്കുമ്പോള്‍ അയ്യപ്പന് ഏഴുവയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം. കുറുമ്പുകാട്ടിനടന്ന കുഞ്ഞിക്കൊമ്പന്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാന്‍ അധികകാലം വേണ്ടിവന്നില്ല. ഉത്സവകാലംകഴിഞ്ഞ് അയ്യപ്പന്‍ ഈരാറ്റുപേട്ടയിലെത്തുന്നനാള്‍ ഇഷ്ടക്കാര്‍ക്കൊക്കെ ഉത്സവമാണ്.
ശാന്തസ്വഭാവം. കൊഴുത്ത കറുത്തിരുണ്ട ശരീരം. അമരംകവിഞ്ഞും നീണ്ട വാലും ഒത്ത തുമ്പിയും കൊമ്പും. ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദകരി, എടുത്തകൊമ്പുകള്‍, ഭംഗിയുള്ള കണ്ണുകള്‍ ഇതൊക്കെ അയ്യപ്പന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. പത്തടി ഉയരവും അതിനൊത്ത ആകര്‍ഷകമായ ശരീരവും അയ്യപ്പന്റെ പ്രത്യേകതയാണ്. ലക്ഷണശാസ്ത്രത്തില്‍ പറയുന്ന ലക്ഷണങ്ങളെല്ലാം അയ്യപ്പനില്‍ തികയുന്നു.
ചേര്‍ത്തല പള്ളിപ്പുറത്ത് കണ്ണേഴത്ത് പ്രഭാകരന്‍ നായരും കുടുംബവുമായി കുഞ്ഞൂഞ്ഞ്‌ചേട്ടനും കുടുംബത്തിനുമുള്ള ബന്ധം അയ്യപ്പനിലേക്കും നീണ്ടു. കുഞ്ഞൂഞ്ഞ്‌ചേട്ടന്റെ മകന്‍ തോമസ് പി. തോമസും പ്രഭാകരന്‍നായരുടെ മകന്‍ അരവിന്ദാക്ഷനും ചേര്‍ന്നാണ് ഇപ്പോള്‍ അയ്യപ്പന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്.
പൊരിവെയിലത്ത് മണിക്കൂറുകള്‍ നീണ്ട എഴുന്നള്ളിപ്പുകള്‍ക്കൊന്നും അയ്യപ്പനെ വിടാന്‍ മനസ്സുവരാറില്ലെന്ന് മേല്‍നോട്ടച്ചുമതലയുള്ള തുറവൂര്‍ രാജേഷ് പറയുന്നു. ആന ദൂരെ എഴുന്നള്ളിപ്പിന് പോവുമ്പോള്‍ പാപ്പാന്മാര്‍ക്കൊപ്പം രാജേഷും ഉണ്ടാവും. അയ്യപ്പനെ പരിശീലിപ്പിച്ചെടുത്തത് കോടനാട്ടെ ആനപ്പാപ്പാനായിുന്ന പൗലോസാണ്. പൗലോസിന്റെ അളിയന്‍ ബാബുവാണ് 2000 മുതല്‍ അയ്യപ്പന്റെ പാപ്പാന്‍. മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആണ് അയ്യപ്പന്‍ നീരിലാവുന്ന സമയം.
പൂഞ്ഞാറില്‍നിന്നുള്ള ഗജരത്‌നനം, തുറവൂര്‍ മഹാക്ഷേത്രത്തില്‍നിന്നുള്ള ഗജോത്തമന്‍, കൊച്ചനാകുളങ്ങരയില്‍നിന്ന് ഗജശ്രേഷ്ഠന്‍ തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ഈ യുവതാരം നേടിക്കഴിഞ്ഞു. നാലുവര്‍ഷമായി തൃശ്ശൂര്‍പൂരത്തിന് രാത്രി എഴുന്നള്ളത്തില്‍ പാറമേക്കാവിലമ്മയുടെ തിടമ്പേന്തുന്ന പെരുമയും അയ്യപ്പനാണ്. പാലക്കാട് വടക്കന്തറ വലിയ വിളക്കുവേലയിലെയും നിറഞ്ഞ സാന്നിദ്ധ്യമാണ് അയ്യപ്പന്‍.