loader
Cherpulassery Ananthapadmanabhan

Cherpulassery Ananthapadmanabhan

തെക്കൻ കേരളത്തിലെ ആന തറവാടുകളിൽ ഒന്നായ പുത്തൻകുളം തറവാട്ടിൽ നിന്നും വള്ളുവനാടൻ ആനച്ചന്തങ്ങളോട് മത്സരിക്കാൻ ചെർപ്പുളശ്ശേരിയിൽ എത്തിചേർന്നവൻ. പഴയ പുത്തൻകുളം അനന്തപത്മനാഭൻ, ഇപ്പോളത്തെ ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ.! 
പത്തടി ഉയരമുള്ള ഒരാന ഇന്ന് ആനപ്രേമികളുടേയും ആനയുടമകളുടേയുമെല്ലാം സ്വപ്‌നസാക്ഷാത്കാരമാണെങ്കിൽ, ഒരു മാതിരിപ്പെട്ട ഏതൊരു ആനയുടമയോട് ചോദിച്ചാലും തന്റെ ആന 'പത്തടി' എത്തുമെന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞുകളയുന്ന കാലത്ത്, പത്തടിത്തിളക്കത്തിൽ നിന്നും ഒരു പണമിടത്തൂക്കം പോലും കുറയാത്ത ഒരാനക്കേമൻ. ഒപ്പം പ്രായക്കുറവിന്റെ ആനുകൂല്യവും അനന്തപത്മനാഭനെ മലയാളമണ്ണിലെ മുന്നിരപ്പോരാളികളിൽ പ്രധാനിയാക്കുന്നു. മുപ്പതിനും മുപ്പത്തിയഞ്ചിനും മധ്യേയാവും അനന്തന്റെ പ്രായം. ചില ആനകളെങ്കിലും നാല്പതു വയസ്സുവരെ കാര്യമായ വളർച്ച പ്രകടിപ്പിച്ചിട്ടുള്ള ചരിത്രം മുഖവിലയ്ക്ക്‌ക്കെടുത്താൽ, ഈ പത്തടിക്കേമൻ അൽപ്പം കൂടിയൊക്കെ ഉയരം വയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. ജന്മം കൊണ്ട് ബീഹാറിയാണ് അനന്തൻ. അംഗോപാംഗ ലക്ഷണത്തികവുകളേക്കാൾ ഏറെ, പെട്ടന്ന് ആർക്കും എത്തിപ്പിടിക്കാൻ ആവാത്ത ഉയരം തന്നെയാണ് ബീഹാറികളുടെ തുറുപ്പുചീട്ട്. 'വീണെടുത്ത കൊമ്പുകളും' നിലത്തിഴയുന്ന തുമ്പികൈയും മുറംപോലുള്ള വലിയ ചെവികളും. തേൻനിറമാർന്ന കൊമ്പുകളും. അങ്ങനെയങ്ങനെ മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണ കണക്കുകൾ പ്രകാരം അനന്തനെ എല്ലാ ലക്ഷണങ്ങളും തികഞ്ഞവൻ എന്ന് വിളിക്കാൻ ഒക്കില്ല. കീഴ്‌ക്കെമ്പുകളും, ആനയുടെ വലിപ്പം അനുസരിച്ച് അത്ര വലുതല്ലാത്ത ചെവികളും, കഷ്ടിച്ച് മാത്രം നിലംതൊടുന്ന തുമ്പികൈയും ചെറിയ ന്യൂനതകളായി പറയാം. നല്ല വെളുപ്പ് നിറമാർന്ന പതിനെട്ട് നഖങ്ങളും ഭംഗിയാർന്ന മദഗിരിയും ഉയർന്ന വായൂകൂംഭവും വളവുതിരിവില്ലാത്ത വാലും, പിന്നെ മോശമില്ലാത്ത ഇടനീളവും മേന്മകളുടെ ഗണത്തിൽപ്പെടുത്താം. അതേസമയം, എല്ലാ ലക്ഷണങ്ങൾക്കുമപ്പുറം ഉയരക്കേമത്തവും അതിനു തക്ക തലയെടുപ്പും തന്നെയാണ് അനന്തനെ ഉത്സവനഗരികളുടെ പ്രിയങ്കരനാക്കുന്നത്. തലപ്പൊക്ക മത്സരവേദികളായ ചക്കുമരശ്ശേരി ക്ഷേത്രത്തിൽ ഒരിക്കല് മംഗലാംകുന്ന് കര്ണനെയും, ചെറായി ക്ഷേത്രത്തിൽ തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെയും നന്നായി വിയർപ്പിച്ചുവിട്ട ശേഷം മാത്രം വഴങ്ങിക്കൊടുത്ത ചരിത്രമുള്ള അനന്തന് ഇപ്പോള് തലപിടുത്തത്തിന്റെ സിദ്ധികളിലൂടെ ഉത്രാളിക്കാവ് പോലെ പാലക്കാടൻ മണ്ണിലെ പ്രധാന ക്ഷേത്രങ്ങളിലും അവിഭാജ്യ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്നു. 
ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാ ആനകളെയും പൊതുവെ ബീഹാറികൾ എന്ന് പറയാറുണ്ടെങ്കിലും അനന്തന്റെ ജന്മദേശം ശരിക്കും ബീഹാർ തന്നെയാണ്. അവിടെ ഒരു ഗ്രാമമുഖ്യന്റെ മകന് മഹിപാൽ യാദവ് ഡിഗ്രി പരീക്ഷയിൽ റാങ്ക് വാങ്ങിയതിന് അയാള്ക്കുള്ള വീട്ടുകാരുടെ സമ്മാനമായിരുന്നു ഈ ആനകുമാരൻ. ആന മദപ്പാടിലേക്ക് എത്തുകയും, ഒപ്പം ഇത്രയും ഉയരമുള്ള ഒരാനയേയുംകൊണ്ട് ഇലക്ട്രിക്‌ലൈനുകൾ വളരെ താഴ്ന്ന് കിടക്കുന്ന ബീഹാറിലെ റോഡുകളിലൂടെ നടക്കുന്നത് അപകടകരമായതു കൊണ്ടുമാണ് അവസാനം മഹിപാലിന്റെ കുടുംബം ഇവനെ, കൊല്ലം പുത്തൻകുളംകാരനായ ഷാജിക്ക് വിൽക്കുന്നത്. അങ്ങനെയവൻ തിരുവിതാംകൂറിന്റെയും ആനകേരളത്തിന്റെയും അഭിമാനമായ പുത്തൻകുളം അനന്തപത്മനാഭനായി മാറി, ഇപ്പോൾ ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ

"ഗജരാജൻ ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ"

 

 

Share with Friends on Social Medias