കോടനാട്ടെ ആനക്കൂട്ടില്‍നിന്ന് ആനപ്രേമികളുടെ മനസ്സിലേക്ക് കടന്നുകയറിയ ഗജസൗന്ദര്യമാണ് തിരുവമ്പാടിദേവസ്വം ശിവസുന്ദര്‍. ശിവസുന്ദര്‍ എന്നറിയപ്പെടുംമുമ്പേ പൂക്കോടന്‍ ശിവന്‍ എന്നറിയപ്പെട്ട ലക്ഷണമൊത്ത ആനയെ പാലക്കാട്ടെ ഉത്സവപ്പറമ്പുകള്‍ തിരിച്ചറിഞ്ഞിരുന്നു.
കഴിഞ്ഞ 9വര്‍ഷമായി തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി കൃഷ്ണന്റെകൂടി സാന്നിധ്യമുള്ള ഭഗവതിയുടെ തിടമ്പേന്തുന്ന നിയോഗം ശിവസുന്ദറിനാണ്. അതിനുംമുമ്പ് 28 വര്‍ഷം തിരുവമ്പാടിയുടെ തിടമ്പേന്തിയ ചന്ദ്രശേഖരന്‍ ചെരിഞ്ഞതോടെ ഒഴിഞ്ഞുകിടന്ന സിംഹാസനത്തിലേക്കായിരുന്നു ശിവസുന്ദര്‍ കടന്നുവന്നത്. 28 ലക്ഷം രൂപയെന്ന അന്നത്തെ മോഹവിലയ്ക്ക് ആനക്കമ്പക്കാരനായ പൂക്കോടന്‍ ഫ്രാന്‍സിസില്‍നിന്നാണ് ശിവനെ തിരുവമ്പാടി ദേവസത്തിനുവേണ്ടി സ്വന്തമാക്കുന്നത്. തട്ടകത്തിന്റെ ഈ സ്വപ്നം യാഥാര്‍ഥ്യമാക്കിയത് തട്ടകവാസിയും ഗള്‍ഫിലെ സണ്‍ ഗ്രൂപ്പിന്റെ സാരഥിയുമായ ടി.എ.സുന്ദര്‍ മേനോനാണ്.
2003 ഫിബ്രവരി 15 നാണ് ശിവനെ തിരുവമ്പാടി കണ്ണനുമുന്നില്‍ നടയ്ക്കിരുത്തി ശിവസുന്ദറാക്കിയത്. ഈ ചടങ്ങുതന്നെ തട്ടകം ഉത്സവമാക്കി മാറ്റി.
നാട്ടാനകളില്‍ ലക്ഷണയുക്തനായ ശിവസുന്ദറിന്റെ പ്രധാനപ്രത്യേകത നിലംതൊട്ടിഴയുന്ന സുന്ദരമായ തുമ്പിക്കൈയാണ്. ഈ തുമ്പിക്കൈ വണ്ണവും എഴുത്താണിപോലെ ലക്ഷണയുക്തമായ വാലും അപൂര്‍വമാണെന്ന് ആനപ്രേമിയും തിമില വിദഗ്ദ്ധനുമായ അയിലൂര്‍ അനന്തനാരായണന്‍ പറയുന്നു. ആയിരത്തില്‍ ഒന്നിനു മാത്രമുള്ള അപൂര്‍വ ലക്ഷണത്തികവ്. പത്തടിയോടടുത്ത ഉയരം. ഉയര്‍ന്ന വായുകുംഭം, നല്ല തലക്കുന്നി, വിരിഞ്ഞമസ്തകം, 18 നഖങ്ങള്‍, ഗാംഭീര്യമാര്‍ന്ന ഉടല്‍, ഭംഗിയുണ്ടെങ്കിലും കണ്ണുതട്ടാതിരിക്കാനെന്നോണംഇത്തിരി കുറഞ്ഞ ഇടനീളം ഇതൊക്കെ 35 വയസ്സുള്ള ശിവസുന്ദറിനെ വ്യത്യസ്തനാക്കുന്നു.
തിടമ്പാനയാണെങ്കില്‍ മാത്രമേ ശിവസുന്ദര്‍ പുറം എഴുന്നള്ളിപ്പിന് പോകാറുള്ളു എന്ന് ദേവസ്വം മാനേജര്‍ ഹരിഹരസുതന്‍ പറയുന്നു. തൃശ്ശൂര്‍ പൂരത്തിന് തിടമ്പേന്തി തെക്കോട്ടിറങ്ങിയാല്‍ പിന്നെ തിടമ്പാനയായി മാത്രമേ പാടൂ എന്നാണ് വിശ്വാസം. മദപ്പാടില്‍പ്പോലും പാപ്പാന്റെ നിയന്ത്രണത്തില്‍ കഴിയുന്ന ശിവസുന്ദറിന് തീറ്റയെടുപ്പിലുള്‍പ്പെടെ തികഞ്ഞ രാജകീയമായ പെരുമാറ്റ രീതികളുണ്ട്.
2007 ഫിബ്രവരി ആറിന് കോട്ടയം പൊന്‍കുന്നത്തിനടുത്ത ഇളങ്ങുളം ഗജരാജസംഗമത്തില്‍ ശിവസുന്ദറിന് കളഭകേസരിപട്ടം ലഭിച്ചു. 2008 ഫിബ്രവരി 19ന് പട്ടത്താനം സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് മാതംഗകേസരി പട്ടം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ഇതിനകം ശിവനെ തേടി എത്തിയിട്ടുണ്ട്.