loader
Pampadi Rajan

Pampadi Rajan

കേരളത്തിലെ ആനച്ചന്തത്തിന്റെ യൗവനമാണ് പാമ്പാടി രാജന്‍. കോട്ടയത്തെ പാമ്പാടിക്കാരനെങ്കിലും
പാലക്കാട്ടെയും തൃശ്ശൂരെയും ഉത്സവപ്പറമ്പുകളുടെ പ്രിയതാരം. നാടന്‍ ആനകളില്‍ തലപ്പൊക്കംകൊണ്ട്
മുമ്പനാണ് ഈ മുപ്പത്തിഎട്ട്കാരന്‍ 308 സെ.മീ. ആണ് ഉയരം. 'മദകരി' ഏറ്റവും കുറവുള്ള രാജനെ ഏത്
ഉത്സവപ്പറമ്പിലും വേറിട്ട് കണ്ടറിയാനാവും. നാടന്‍ ആനകളുടെ ലക്ഷണത്തികവ് മുഴുവനും കാണാന്‍ 
രാജനെ കണ്ടാല്‍മതി. ഒരു ചെറിയ വളവുള്ള വാല് അമരത്തിന് താഴെവരെ നീണ്ടുകിടക്കും. തടിച്ച
തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും എഴുന്നള്ളിക്കുമ്പോള്‍ ഗാംഭീര്യം വര്‍ധിപ്പിക്കും.

5 വര്‍ഷം മുമ്പത്തെ 'എരണ്ടകെട്ടി' ല്‍നിന്നുള്ള പുനര്‍ജനിയാണ് രാജന്. മുപ്പത്തിമൂന്നുനാളാണ് 
എരണ്ടകെട്ടില്‍ രാജന്‍ പുളഞ്ഞത്.

ഉടമ പാമ്പാടി മൂടന്‍കല്ലിങ്കല്‍ ബേബി എന്ന എം.എ. തോമസ്സും കുടുംബവും ലഭ്യമാക്കാവുന്ന 
വിദഗ്ധ ചികിത്സകള്‍ മുഴുവനും ലഭ്യമാക്കി. എം.എ. തോമസ്സിന്റെ മകന്‍ റോബിറ്റിന്റെ നേതൃത്വത്തിലാണ്
രാജന്റെ സംരക്ഷണം. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒടുവിലായിരുന്നു മദപ്പാട്. 
രാജന്‍ കുടുംബാംഗംപോലെതന്നെയാണെന്ന് റോബിറ്റ് പറയുന്നു.

കോടനാട്ടെ ആനക്കൂട്ടില്‍നിന്ന് 1977 ലെ ലേലത്തിലാണ് എം.എ. തോമസ് നാടന്‍ ആനക്കുട്ടിയെ
സ്വന്തമാക്കുന്നത്. കുറച്ചുകാലം കര്‍ണാടകത്തിലെ തടിക്കൂപ്പുകളിലുള്ള അധ്വാനം രാജനെന്ന 
ആനക്കുട്ടിയെ ഒരു ഒത്ത ആനയാക്കിമാറ്റി. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുമാണ് രാജനെ 
ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുക.

2001 ലെ തൃശ്ശൂര്‍ പൂരം മഠത്തില്‍വരവിന് തിരുവമ്പാടി വിഭാഗത്തില്‍ എഴുന്നള്ളിച്ച രാജന്‍ പിറ്റേക്കൊല്ലം
പാറമേക്കാവ് എഴുന്നള്ളത്തിലെത്തി. അതേവര്‍ഷം രാത്രി യെഴുന്നള്ളത്തിന് ഒരു നിയോഗംപോലെ
ഭഗവതിയുടെ തിടമ്പേന്താനായതോടെ രാജന്റെ പെരുമ വര്‍ധിച്ചു. ഇന്നിപ്പോള്‍ നെന്മാറ-വല്ലങ്ങി വേല,
പരിയാനമ്പറ്റ പൂരം എന്നിവയുള്‍പ്പെടെ ജില്ലയിലെ പ്രധാന വേലപൂരങ്ങളുടെയെല്ലാം പൊലിമയുടെ 
ഭാഗമാണ് പാമ്പാടി രാജന്‍. 2006, 2007 വര്‍ഷങ്ങളില്‍ ഇത്തിത്താനം ഗജമേളയില്‍ 
ഗജരാജരത്‌നനമായി തിരഞ്ഞെടുക്കപ്പെട്ടത് പാമ്പാടി രാജനാണ്. പട്ടത്താനം ഗജമേളയില്‍ ഗജേന്ദ്രന്‍,
ഗജമാണിക്യം, എരമല്ലൂരുനിന്ന് ഗജരാജ പ്രജാപതി തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ഇതിനകം നേടിക്കഴിഞ്ഞു.

Share with Friends on Social Medias