loader
പൊതുസ്ഥലത്ത് പോസ്റ്റർ പതിച്ചാൽ കുടുങ്ങുന്നത് സ്ഥാനാർഥികൾ

പൊതുസ്ഥലത്ത് പോസ്റ്റർ പതിച്ചാൽ കുടുങ്ങുന്നത് സ്ഥാനാർഥികൾ

പൊതുസ്ഥലങ്ങളിൽ നിയന്ത്രണങ്ങളുള്ളഭാഗത്ത് രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പുപോസ്റ്ററുകൾ പതിച്ചാൽ ഉത്തരവാദിത്വം സ്ഥാനാർഥികൾക്ക്. പതിച്ച പോസ്റ്ററുകൾ നീക്കംചെയ്യുന്നതുൾപ്പെടെയുള്ള ചെലവ് സ്ഥാനാർഥിയുടെ ആകെ ചെലവിൽ ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പുകമ്മിഷന്റെ നിർദേശം. സമാനമായ പെരുമാറ്റച്ചട്ടലംഘനം പരിശോധിക്കാൻ കമ്മിഷന്റെ പ്രത്യേകസ്ക്വാഡ് പരിശോധനനടത്തും.
വൈദ്യുതത്തൂണുകൾ, പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പോസ്റ്റർ പതിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണ്. ഇവ പരിശോധിക്കാനാണ് സ്ക്വാഡ് വരുന്നത്.
പഞ്ചായത്തുകളിൽ ഒരു വാർഡിലെ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്. നഗരസഭകളിൽ 40,000 രൂപവരെയും ചെലവിടാം. അധികമായി തുക ചെലവാക്കിയെന്ന് കണ്ടെത്തിയാൽ അടുത്ത അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തും.
പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിച്ചാൽ ഇത് നീക്കംചെയ്യുന്നതുൾപ്പെടെയുള്ള ചെലവുകൾ കണക്കാക്കി സ്ഥാനാർഥിക്ക് ചെലവഴിക്കാൻ പരിധിയുള്ള ആകെ തുകയിൽ ഉൾപ്പെടുത്തും.

ഇതുൾപ്പെടെ 25,000 രൂപയിൽ കടന്നാൽ സ്ഥാനാർഥികൾ ജയിച്ചാലും പിന്നീട് പെരുമാറ്റച്ചട്ടലംഘനപ്രകാരം നടപടികൾ നേരിടേണ്ടിവരും.

സ്ഥാനാർഥികളെ വിളിച്ചുവരുത്തി പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ആദ്യം പറഞ്ഞുകൊടുക്കാനാണ് വരണാധികാരികൾക്ക് നൽകിയിരിക്കുന്ന നിർദേശം. മുൻവർഷങ്ങളിൽ പൊതുസ്ഥലങ്ങളിൽ പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് പൊതു ഇടങ്ങളെ ഒഴിവാക്കിയിരിക്കുന്നത്.

Share with Friends on Social Medias