loader
ചെക്പോസ്റ്റുകളിൽ വിജിലൻസ് പരിശോധന : കണക്കിൽപ്പെടാത്ത 11,000 രൂപ കണ്ടെത്തി

ചെക്പോസ്റ്റുകളിൽ വിജിലൻസ് പരിശോധന : കണക്കിൽപ്പെടാത്ത 11,000 രൂപ കണ്ടെത്തി

മോട്ടോർ വാഹനവകുപ്പിന്റെ ഗോവിന്ദാപുരം, വാളയാർ (പുറത്തേക്കുള്ള) ചെക്പോസ്റ്റുകളിൽ നടന്ന വിജിലൻസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത 11,000 രൂപ കണ്ടെത്തി. രണ്ടിടത്തും പണം ശേഖരിച്ച് പുറത്തേക്ക് മാറ്റുന്ന ഏജൻറുമാരെ കണ്ടെത്തി താക്കീത്‌ നൽകി.

ഗോവിന്ദാപുരം ചെക്പോസ്റ്റിൽ ചൊവ്വാഴ്ച രാത്രി എട്ടര മുതൽ 11 വരെയായിരുന്നു പരിശോധന. 4640 രൂപ ചെക്പോസ്റ്റ് ജീവനക്കാർ ഏജൻറ് മണിക്ക്‌ (മണികണ്ഠൻ) കൈമാറാൻ ശ്രമിക്കുകയായിരുന്നുവെന്ന് വിജിലൻസ് പറയുന്നു. മേശവലിപ്പിൽ രേഖകളില്ലാതെ 385 രൂപ കണ്ടെത്തി. സർക്കാർ രേഖകളനുസരിച്ച് കാണേണ്ട തുകയിൽ 2000 രൂപയും ഉദ്യോഗസ്ഥർ വ്യക്തിപരമായി കൈവശമുണ്ടെന്ന് രേഖപ്പെടുത്തിയ തുകയിൽ 800 രൂപയും കുറവുള്ളതായി കണ്ടെത്തി.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോലിക്ക് എത്തിയിരുന്നില്ല. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സഹായിയും മാത്രമാണുണ്ടായത്. വിജിലൻസ് ഇൻസ്‌പെക്ടർ എം. ശശിധരൻ, എസ്.ഐ. ബി. സുരേന്ദ്രൻ, എ.എസ്.ഐ. കെ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഇതേ സംഘം ബുധനാഴ്ച രാവിലെ ആറോടെ വാളയാറിലും പരിശോധനയ്ത്തെത്തി. ഇവിടെനിന്ന്‌ കണക്കിൽപ്പെടാത്ത 6000 രൂപ കണ്ടെടുത്തു. പണം വാങ്ങിക്കാനെത്തിയിരുന്ന ചന്ദ്രാപുരം സ്വദേശിയായ ഓട്ടോഡ്രൈവർ അബുവിനെയും കണ്ടെത്തി.

വാളയാറിലെ പതിവ് ഏജൻറായ അബുവിന് മുൻപും പലതവണ താക്കീത് നൽകിയിരുന്നതായി വിജിലൻസ് സംഘം പറയുന്നു. ഇവിടെയും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സഹായിയും മാത്രമാണുണ്ടായിരുന്നത്.

Share with Friends on Social Medias