കേരള ഫിനാൻഷ്യൽ കോർപറേഷൻ സിനിമ നിർമാണത്തിന് ഇനി വായ്പ കൊടുക്കില്ല. വായ്പയെടുത്തവരിൽ ഭൂരിഭാഗവും തിരിച്ചടയ്ക്കാതെ പറ്റിച്ചതോടെയാണ് തീരുമാനമെന്ന് സി എം ഡി ടോമിൻ തച്ചങ്കരി. 32 കോടിയാണ് ഈയിനത്തിൽ കിട്ടാനുള്ളത്.
എട്ടു വർഷത്തിനിടെ കെഎഫ്സിയിൽ നിന്ന് വായ്പയെടുത്ത് സിനിമ പിടിച്ചവർ പത്തൊൻപത്. തിരിച്ചടച്ചത് രണ്ടു പേർ. 33 കോടിയിൽ 31.84 കോടിയും കിട്ടാക്കടം. തീയേറ്ററുകളിൽ കലക്ഷൻ റെക്കോർഡുകൾ ഭേദിച്ച് നിറഞ്ഞോടിയ സിനിമയുടെ നിർമാതാവ് വരെ പണം തിരിച്ചു കൊടുക്കാത്തവരുടെ കൂട്ടത്തിലുണ്ട്. ഈടായി വച്ച ഭൂമി വിറ്റ് തുക കണ്ടെത്താമെന്ന് കരുതിയെങ്കിലും വായ്പ രേഖകളിൽ ഉള്ള വിലയുടെ നാലിലൊന്ന് വില പോലും ഭൂമിക്കില്ല. ഇതോടെ മറ്റ് മാർഗങ്ങൾ തേടി.
വായ്പ തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് നൽകി. ഇതുവഴി അവർക്ക് വായ്പയെടുക്കാവുന്ന തുകയുടെ പരിധി നിശ്ചയിക്കുന്ന സിബിൽ സ്കോർ കുറയുകയും മറ്റിടങ്ങളിൽ നിന്ന് വായ്പയെടുക്കാനുള്ള സാധ്യത മങ്ങി. ഭൂമിയോ കെട്ടിടമോ ക്രയവിക്രയം ചെയ്യുമ്പോൾ കെ എഫ് സി യിലെ കടം തീർക്കാതെ സാമ്പത്തിക ഇടപാട് പൂർത്തിയാക്കാനാകാത്ത വിധം എസ്ക്രോ അക്കൗണ്ട് ഉൾപ്പെടുത്തി. ഇനി മുതൽ ഈ ട് വയ്ക്കുന്ന ഭൂമിയുടെ മാർക്കറ്റ് വാല്യം തറവിലയുടെ മൂന്നിരട്ടിയായി നിജപ്പെടുത്തും. കിട്ടാക്കടം 5700 കോടിയായതോടെയാണ് ഈ നിയന്ത്രണങ്ങൾ. അതേസമയം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വായ്പ തിരിച്ചടപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.