കൊവിഡിനെ തുടര്‍ന്ന് പൂട്ടിയ ഡ്രൈവിംഗ് സ്കൂളുകള്‍ വീണ്ടും തുറന്നെങ്കിലും ലൈസന്‍സ് കിട്ടാന്‍ വിദ്യര്‍ത്ഥികള്‍ക്ക് മാസങ്ങള്‍ കാത്തിരിക്കണം. നടപടിക്രമങ്ങള്‍ അനന്തമായി നീളുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ അപേക്ഷിച്ചവര്‍ക്ക് ലേണേഴ്സ് പരീക്ഷയ്ക്ക് ഡിസംബറിലും ഡ്രൈവിംഗ് ടെസ്റ്റിന് ജനുവരിയിലുമാണ് ദിവസം ലഭിച്ചത്.
പരിശീലനം പുനരാരംഭിച്ച സെപ്തംബര്‍ 14 മുതല്‍ ലഭിച്ച ആയിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ലോക്ക് ഡൗണ്‍ ആരംഭിക്കും മുമ്ബ് ലേണേഴ്സ് ലൈസന്‍സ് എടുത്തവര്‍ക്കും ഒരിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ക്കും മാത്രമാണ് 15 വരെ അവസരം നല്‍കിയത്. ലേണേഴ്സ് ടെസ്റ്റ് പാസായവര്‍ക്ക് ഡിസംബര്‍ വരെ കാലാവധി നീട്ടിയും നല്കി.
പ്രതിദിനം 60 ടെസ്റ്റുകള്‍ മാത്രം
ദിനംപ്രതി 120 ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടന്ന കാക്കനാട് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴില്‍ ഇപ്പോള്‍ 60 ടെസ്റ്റ് മാത്രമാണ്. ഇവിടെ ഈയാഴ്ച അപേക്ഷിച്ചവര്‍ക്ക് ജനുവരി പകുതിയോടെയാണ് ദിവസം ലഭിച്ചത്.
ജോയിന്റ് ആര്.ടി.ഒകള്‍ക്ക് കീഴില്‍ ദിവസം 30 ടെസ്റ്റ് മാത്രമാണ് നടക്കുന്നത്. ടെസ്റ്റ് ദിവസം നീണ്ടു പോകുന്നത് പുതിയ അഡ്മിഷനുകളെ ബാധിക്കുന്നുണ്ട്.
ടെസ്റ്റുകള്‍ നടക്കാത്തത് വെല്ലുവിളി
ലോക്ക് ഡൗണിന് ശേഷം അപേക്ഷകരുടെ എണ്ണത്തിനൊപ്പം ടെസ്റ്റുകള്‍ നടക്കാതായതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. പിന്നീട് പുതിയതും പഴയതുമായ അപേക്ഷകള്‍ ഒരുമിച്ച് പരിഗണിക്കാന്‍ തുടങ്ങിയപ്പോള്‍ മാസങ്ങളോളം വൈകുന്ന സാഹചര്യമായി. മുമ്ബ് ലേണേഴ്സ് പാസായവരും കൂട്ടാമായി ടെസ്റ്റിന് അപേക്ഷിച്ചത് പ്രശ്നമായി. പുതിയ അഡ്മിഷനില്‍ ആളുകള്‍ വന്നു തുടങ്ങിയെങ്കിലും ടെസ്റ്റ് നീളുന്നത് ഡ്രൈവിംഗ് സ്കൂളുകള്‍ക്കും പഠിതാക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പരിശീലനവും കഠിനം
ലേണേഴ്സ്, ഡ്രൈവിംഗ് ടെസ്റ്റുകള്‍ നീണ്ടു പോവുന്നതോടെ പുതിയ ആളുകളെ പരിശീലിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനായി നിശ്ചിത എണ്ണം അപേക്ഷകള്‍ മാത്രമേ പരിഗണിക്കാനാകൂ എന്നാണ് മോട്ടോര്‍ വാഹന വകുപ്പും അറിയിക്കുന്നത്.