loader
എറണാകുളം ജില്ലയിൽ ശക്തമായ മഴ;പല പ്രദേശങ്ങളും  വെള്ളത്തിനടിയിലായി

എറണാകുളം ജില്ലയിൽ ശക്തമായ മഴ;പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി

എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു.  കനത്ത മഴയെത്തുടർന്ന് എറണാകുളത്തെ  പല പ്രദേശങ്ങളും  വെള്ളത്തിനടിയിലായി.താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിതുടങ്ങി.

എറണാകുളം  നഗരത്തിലെ പനമ്പള്ളി നഗറിലും എംജി റോഡിലും റോഡില്‍ വെള്ളം നിറഞ്ഞു. ഇടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലും വെള്ളം കയറി. തോപ്പുംപടി, സൗത്ത് കടവന്ത്ര, തൃപ്പൂണിത്തുറ, പേട്ട എന്നിവിടങ്ങളും മഴ ശക്തമായി തുടരുകയാണ്. അടുത്ത ഏതാനും മണിക്കൂർ ഇതേ രീതിയിൽ മഴ തുടരുകയാണെങ്കിൽ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകും.

ഉദയാ കോളനി, കമ്മട്ടിപ്പാടം, പി ആന്റ് റ്റി കോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ഇന്നലെ രാത്രി മുതൽ നഗര ഭാഗത്തും ഗ്രാമീണ പ്രദേശങ്ങളിലും മഴ തുടങ്ങിയിരുന്നു. റോഡുകളിൽ വെള്ളം കയറി ഇന്ന് രാവിലെ മുതൽ ഗതാഗതത്തിന് തടസം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജില്ലയില്‍ നിലവിൽ ഓറഞ്ച് അലേർട്ടാണ്.

48 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും എറണാകുളം ജില്ലയിൽ  യെല്ലോ അലേർട്ട് മുന്നറിയിപ്പ്  നൽകിയിട്ടുണ്ട്.  പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, ശക്തമായ കാറ്റിനും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന മുന്നറിയിപ്പുണ്ട്.

Share with Friends on Social Medias