loader
സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബുധനാഴ്ചയാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും യുഎഇ കോണ്‍സുലേറ്റിന്‍റെ നിര്‍ദേശപ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് സ്വപ്നയുടെ വാദം.

കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ്, കുരുക്ക് മുറുകുന്നത് തിരിച്ചറിഞ്ഞാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് അശോക് മേനോന്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും കേസ് പരിഗണിക്കുക. നൂറ്റിയെട്ടാമത്തെ കേസ് ആയാണ് സ്വപ്നയുടെ ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ വി.രാംകുമാറും അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാറുമായിരിക്കും കസ്റ്റംസിനായി ഹാജരാവുക.

കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റാന്‍ഡിങ് കോണ്‍സലിനു പകരം മുതിര്‍ന്ന അഭിഭാഷകനും എഎസ്ജിയുമാണു കസ്റ്റംസിനായി ഹാജരാകുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്കു സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക. സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കും.  സ്വര്‍ണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധം സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ നിന്ന് തന്നെ വ്യക്തമാണെന്നാണ് കസ്റ്റംസിന്‍റെ നിലപാട്.

കസ്റ്റഡിയിലുള്ള സരിതിനെയും സ്വപ്നയെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കസ്റ്റംസ് കണക്കുകൂട്ടുന്നത്. അതേസമയം സ്വപ്ന കീഴടങ്ങിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്

Share with Friends on Social Medias