loader
കൊറോണ വ്യാപനത്തിനിടയിലും കേരളത്തെ പിടിച്ചു കുലുക്കുന്ന ഡേറ്റ വിവാദം!. സത്യവും മിഥ്യയും...

കൊറോണ വ്യാപനത്തിനിടയിലും കേരളത്തെ പിടിച്ചു കുലുക്കുന്ന ഡേറ്റ വിവാദം!. സത്യവും മിഥ്യയും...

നമുക്കറിയാം സോഷ്യൽ മീഡിയകളുടെ തരംഗം ആണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എല്ലായിടത്തും. നമ്മുടെ പല വിവരങ്ങളും പല സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിലായി ശേഖരിച്ചു വെച്ചിട്ടുണ്ട്. പേരുകൾ , താമസ സ്ഥലങ്ങൾ, ജനന തിയ്യതികൾ, സ്ത്രീ പുരുഷ കണക്കുകൾ, ചെയ്യുന്ന ജോലികൾ, ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിങ്ങനെ പലതും.

ഇങ്ങെനെ സൂക്ഷിക്കുന്ന ഡേറ്റയുടെ സംരക്ഷണം അതാതു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വാഗ്ദാനം നടത്തുന്നുണ്ടെങ്കിലും അത് ചിലപ്പോൾ ഭാവിയിൽ പൂർണമായും പാലിക്കപ്പെടണം എന്നില്ല, ചിലപ്പോൾ നമ്മൾ അറിയാതെ പല രാജ്യങ്ങളിലെയും സെക്യൂരിറ്റി ഏജൻസികൾ നിലവിൽ തന്നെ ഈ ഡേറ്റകൾ ഉപയോഗിക്കുന്നുണ്ട് എന്നുള്ളതും വസ്തുതാപരമാണ്. ഇതെല്ലാം പരസ്യമായ രഹസ്യം ആണ് എന്നിരിക്കെ തന്നെയും നമ്മൾ എല്ലാം ഈ പ്ലാറ്റുഫോമുകൾ ഉപയോഗിക്കുമ്പോൾ ഒരു ശ്രദ്ധയും കാണിക്കാറില്ല എന്നതും അഥവാ കാണിക്കാൻ പറ്റില്ല എന്നതും സത്യമാണ്.

ഇനി കാര്യത്തിലോട്ടു കടക്കുക ആണെങ്കിൽ, മേല്പറഞ്ഞ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ, നമ്മുടെ ആരോഗ്യപരവും നമ്മൾ സമ്പർക്കം പുലർത്തുന്ന ആളുകളുടെ വിവരങ്ങളും ഒരു വിദേശ കമ്പനിക്ക് സർക്കാർ കൈമാറുമ്പോൾ എത്ര അളവോളം സുരക്ഷിതമാണ് എന്നതാണ് എല്ലാവരും ഉന്നയിക്കുന്ന ചോദ്യം.

ഉത്തരം വളരെ ലളിതമാണ്, നമ്മുടെ ഏതു വിവരങ്ങളും നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ഏതെങ്കിലും സെർവറിൽ വെച്ചാൽ പൂർണമായും സുരക്ഷിതം ആണെന്ന് പറയാൻ ആകില്ല എന്നതാണ്. അതിൽ എത്ര കർശനമായ എഗ്രിമെന്റ് ഉണ്ടെന്നു പറയുക ആണെങ്കിലും. അതിനർത്ഥം പറയപ്പെടുന്ന കമ്പനി ഡേറ്റ മറിച്ചു കൊടുക്കും എന്നതും അല്ല.

നിലവിൽ സർക്കാരിന് തന്നെ ഇങ്ങെനെയൊരു അപ്ലിക്കേഷൻ നിർമിക്കുക വളരെ ലളിതമാണ്. സർക്കാരിന്റെ പക്കൽ അതിനുള്ള ശേഷിയുണ്ട് എന്നതാണ് വസ്തുത. കൂടി വന്നാൽ രണ്ടാഴ്ചക്കുള്ളിൽ ഇങ്ങനെയൊരു അപ്ലിക്കേഷൻ ആദ്യം മുതൽ നിർമിക്കാനുള്ള ശേഷി കേരളത്തിലെയും ഇന്ത്യയിലെയും ഭൂരിഭാഗം ഐ ടി കമ്പനികൾക്കും ഉണ്ട് എന്നുള്ളതും സർക്കാർ മറച്ചു വെക്കരുത്. ഒരു ഉദാഹരണം പറയുക ആണെങ്കിൽ ആരോഗ്യ സേതു ആപ്പ് കേന്ദ്ര സർക്കാർ എത്ര പെട്ടന്നാണ് ഉണ്ടാക്കിയതെന്നും , അത് എത്ര വലിയ അളവ് ഡേറ്റ ആണ് ശേഖരിക്കുന്നതെന്നും ഒന്ന് ഓർത്താൽ നല്ലതാകും. 

സത്യത്തിൽ വിവാദത്തിൽപെട്ട കമ്പനിക്ക് കരാറിലൂടെ ഭാവിയിൽ കിട്ടിയേക്കാവുന്നതിനേക്കാൾ എത്രയോ മടങ്ങു റീച് (ആളുകളിലേക്ക്‌ എത്തിപെടൽ ) സോഷ്യൽ മീഡിയയിലൂടെ കേരളത്തിലെയും ഇന്ത്യയിലെയും പല ആളുകളും ആ കമ്പനിയുടെ പേര് ഉപയോഗിക്കുന്നതിലൂടെ വന്നു എന്നത് സത്യമാണ്.

എങ്ങെനെ ആണ് ഈ ഡേറ്റ വിൽക്കുക , അഥവാ വിറ്റാൽ എന്താണ് ലാഭം എന്നതാണ് പലരും ചോദിക്കുക 

ഒന്ന് ഡേറ്റ ശേഖരിക്കുന്നതിന് കമ്പനികൾക്ക് പണം ഈടാക്കാം, അതിലൂടെ വരുമാനം ഉണ്ടാക്കാം

രണ്ടു ശേഖരിച്ചു വെച്ച ഡേറ്റ , അതു ശേഖരിക്കുന്ന സമയത്തിൽ സൗജന്യം ആണെങ്കിൽ കൂടിയും അത് ഇടവേളകളിൽ പരിശോധിക്കുന്നതിന് പണം ഈടാക്കാം.

മൂന്നു ശേഖരിച്ചു വെച്ച ഡേറ്റ , നമ്മൾ ഒരിക്കലും അറിയാത്ത രീതിയിൽ ആവശ്യക്കാർക്ക് മറിച്ചു വിൽക്കുന്ന രീതിയിലൂടെ പണം ഉണ്ടാക്കാം 

നാലു കൊറോണ പോലുള്ള രോഗം, പ്രത്യേകിച്ച് ചൈനയുടെ ഒരു ആക്രമണം ആണെന്നുള്ള അപവാദം നില നിൽക്കെ ഇത്തരത്തിൽ ഡേറ്റ ശേഖരിക്കുന്ന കമ്പനികളിലൂടെ ചൈനീസ് കമ്പനികൾ വിദേശ മാർക്കറ്റുകൾ കീഴടക്കും എന്നുള്ള മാരക പ്രക്രിയയിലൂടെ പണം ഉണ്ടാക്കാം

ഇതെല്ലാം പരമ വിഡ്ഢിത്തം ആണെന്ന് പറഞ്ഞു എഴുതി തള്ളുന്ന ആളുകൾക്ക് വേണ്ടി ഒരു കാര്യം പറയാം, ഇന്ത്യയിലെ ചില ജോബ് വെബ്‌സൈറ്റുകൾ ആളുകളുടെ ഡേറ്റ ലക്ഷകണക്കിന് രൂപക്ക് മറിച്ചു വിൽക്കുന്നു എന്നുള്ള പരമമായ സത്യം

സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ അഭിനന്ദനം അർഹിക്കുന്നു എന്ന് പറയുമ്പോൾ തന്നെ , എത്ര പിആർ ഏജന്സികള് ശ്രമിച്ചാലും മേല്പറഞ്ഞ തെറ്റ് ശരിയായി മാറില്ല എന്നുള്ള വസ്തുത മറക്കാതെ പോകരുത്. 

Share with Friends on Social Medias