തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ പരസ്യങ്ങൾ സ്ഥാപിക്കുകയോ മുദ്രാവാക്യമെഴുതുകയോ ചെയ്തതായി പരാതി ലഭിച്ചാൽ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. ഇത് സംബന്ധിച്ച് പരാതി ലഭിക്കുന്ന പക്ഷം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടീസ് നൽകണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
നോട്ടീസ് ലഭിച്ചതിന് ശേഷവും ഇവ നീക്കം ചെയ്യാത്ത പക്ഷം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുകയും അതിന് വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, പൊതുസ്ഥലത്ത് പരസ്യങ്ങളും ബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാൻ അനുമതി കൊടുക്കുമ്പോൾ പക്ഷപാത രഹിതമായി തുല്യമായി നൽകണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഇക്കാര്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇതിനാവശ്യമായ ചിലവ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ 75,013 സ്ഥാനാര്‍ത്ഥികള്‍ (സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില്‍ രാത്രി ഒന്‍പത് വരെ ലഭ്യമായ കണക്ക്). 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 പേരാണ് സ്ഥാനാര്‍ത്ഥികള്‍. ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 പേരാണ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. മുനിസിപ്പാലിറ്റികളില്‍ 10,399 സ്ഥാനാര്‍ഥികളുണ്ട്. ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് 1,986 പേര് മത്സര രംഗത്തുണ്ടെന്നും വിവരം.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർ മത്സരരംഗത്തുളളത്. 8497 പേർ. അന്തിമ പട്ടികയായതോടെ സ്ഥാനാർത്ഥികള്‍ക്കുളള ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു.