loader
സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി

സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി

സാമ്പത്തിക തട്ടിപ്പ് കേസിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പ്രതി ചേർത്തു. ആറൻമുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. മിസോറാം ഗവർണറായിരിക്കെ അദ്ദേഹത്തിന്റെ പി.എ ആയി പ്രവർത്തിച്ച പ്രവീൺകുമാർ ഇടപെട്ട് നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് കുമ്മനത്തെ അഞ്ചാം പ്രതിയാക്കി ആറൻമുള പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമർ ഫാക്ടറി എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങാനായി കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേർന്ന് ആറൻമുള സ്വദേശിയായ ഹരികൃഷ്ണനിൽ നിന്ന് 35 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നൽകുകയോ ചെയ്തിരുന്നില്ല. തുടർന്ന് പരാതിക്കാരൻ പാർട്ടി നേതൃത്വത്തെ ബന്ധപ്പെട്ടതിനെ തുടർന്ന് ബിജെപി എൻആർഐ സെൽ കൺവീനർ ഹരികുമാർ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കിനൽകുകയും ചെക്കുകൾ മുഴുവൻ തിരികെ വാങ്ങുകയും ചെയ്തിരുന്നു.

രണ്ട് വർഷം കഴിഞ്ഞിട്ടും ബാക്കിതുകയായ 28.75 ലക്ഷം രൂപ തിരിച്ചുനൽകാത്ത സാഹചര്യത്തിലാണ് ഹരികൃഷ്ണൻ പോലീസിൽ പരാതി നൽകിയത്. സ്ഥാപനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ പ്രവീണിനെ നേരിട്ട് കാണുകയും നല്ല സംരംഭമാണെന്ന് വിശ്വസിപ്പിക്കാൻ കുമ്മനം ശ്രമിച്ചിരുന്നുവെന്നും ഹരികൃഷ്ണന്റെ പരാതിയിൽ പറയുന്നു.

ആകെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാം പ്രതി. ഇയാളുടെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും ബിജെപി എൻആർഐ സെൽ കൺവീനർ ഹരികുമാറും പ്രതി പട്ടികയിലുണ്ട്.

Share with Friends on Social Medias