loader
കളമശ്ശേരി മെഡിക്കല്‍ കോളേജ്: ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ തുടരന്വേഷണം

കളമശ്ശേരി മെഡിക്കല്‍ കോളേജ്: ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ തുടരന്വേഷണം

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തിൽ പോലീസ് ബന്ധുക്കളുടെ മൊഴി എടുക്കുന്നു. കോവിഡ് ബാധിതനായി ചികിത്സയിരുന്ന ഹാരിസ് എന്നയാൾ ജൂലൈ 20-നാണ് മരണപ്പെടുന്നത്. മരണം ആശുപത്രിയിലെ അനാസ്ഥ മൂലമാണെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബന്ധുക്കളുടെ മൊഴി എടുക്കുന്നത്.

ഹാരിസിന്റെ ഭാര്യയുടെ സഹോദരന്റെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇദ്ദേഹമാണ് മരണവുമായി ബന്ധപ്പെട്ട് പരാതി നൽകുന്നത്. മരണം സംഭവിച്ച് ഏഴാം നാൾ തന്നെ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും ഇതിൽ നടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് ഇദ്ദേഹം 20ാം തിയ്യതി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ തുടരന്വേഷണം ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മരിച്ച ദിവസം പോലും ഹാരിസ് തങ്ങളോട് സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മരണദിവസം വൈകുന്നേരം അഞ്ച് മണിയ്ക്ക് ഭാര്യയോട് സംസാരിച്ചിരുന്നു. ആറ് മണിയോടെയാണ് ഹാരിസ് മരിച്ചതായി ആശുപത്രിയിൽ നിന്ന് വിവരം ലഭിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു.

Share with Friends on Social Medias