loader
ഒരു കിലോമീറ്റർ കടന്നുകിട്ടാൻ അരമണിക്കൂർ: പട്ടാമ്പിയുടെ തീരാദുരിതമാണ്‌ നഗരപാതയിലെ ഗതാഗതക്കുരുക്ക്‌.

ഒരു കിലോമീറ്റർ കടന്നുകിട്ടാൻ അരമണിക്കൂർ: പട്ടാമ്പിയുടെ തീരാദുരിതമാണ്‌ നഗരപാതയിലെ ഗതാഗതക്കുരുക്ക്‌.

അനധികൃത പാർക്കിങ്, റോഡരികിൽ വലിയ ലോറികൾ നിർത്തിയിട്ടുള്ള ചരക്കിറക്കൽ, കുണ്ടും കുഴികളും...പട്ടാമ്പി നഗരത്തിലൂടെയുള്ള ഗതാഗതം വീണ്ടും ദുഷ്‌കരമായി മാറുകയാണ്.
കുരുക്കിൽപ്പെടാതെ നഗരത്തിൽനിന്ന്‌ പുറത്തുകടക്കാനാവില്ല. പലപ്പോഴും നഗരത്തിലെ വാഹനങ്ങളുടെ നിര പട്ടാമ്പി പാലവും കടന്ന് ഗുരുവായൂർ റോഡിലെ ഞാങ്ങാട്ടിരി വരെ നീളും.

ഭാരവാഹനങ്ങളടക്കം ശോച്യാവസ്ഥയിലായ പട്ടാമ്പി പാലത്തിന് മുകളിൽ നിർത്തിയിടേണ്ട സ്ഥിതിയാണ്. ബസ് സ്റ്റാൻഡ് മുതൽ മേലേ പട്ടാമ്പി വരെയുള്ള ഒരു കിലോമീറ്റർ കടക്കാൻ അരമണിക്കൂറെടുക്കുന്ന സ്ഥിതിയാണ്.

കോവിഡ് മൂലം ബസ്സുകളുടെ എണ്ണം കുറഞ്ഞതോടെ സ്വകാര്യവാഹനങ്ങളുടെ തിരക്കും നഗരത്തിൽ കൂടിയിട്ടുണ്ട്. റോഡ് തകർച്ചയും പ്രശ്നമാണ്. പലേടത്തും റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടതിനാൽ ഈ ഭാഗങ്ങളിൽ വാഹനങ്ങൾ ഇഴഞ്ഞാണ് പോകുന്നത്.

 വൺവേ പേരിന് മാത്രം

കഴിഞ്ഞ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളും അനുസരിക്കാത്ത സ്ഥിതിയാണ്. എസ്.ബി.ഐ. ബാങ്കിന് മുൻവശത്തെ പോസ്റ്റ് ഓഫീസ് റോഡ് വൺവേയാക്കി മാറ്റി ഇരുഭാഗത്തും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമില്ല.

പോസ്റ്റ് ഓഫീസ് റോഡിലൂടെ കടന്ന് പെരിന്തൽമണ്ണ റോഡിലേക്ക് പോകാൻ വേണ്ടി മാത്രമാണ് വൺവേ ഏർപ്പെടുത്തിയത്. നിലവിൽ വാഹനങ്ങൾ പെരിന്തൽമണ്ണ റോഡിൽനിന്നും വന്ന് പോസ്റ്റ് ഓഫീസ് റോഡ് വഴി നഗരത്തിലേക്ക് ചേരുന്നുണ്ട്. തിരക്കുള്ള സമയമാണെങ്കിൽ ഇത് കൂടുതൽ കുരുക്കിനിടയാക്കും.

തിരക്കേറിയ സമയങ്ങളായ രാവിലെ 8.30 മുതൽ 11 വരെയും, വൈകീട്ട് മൂന്നുമുതൽ ആറ് വരെയും ചരക്കുവാഹനങ്ങളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിലേക്ക് ലോഡിറക്കുന്നത് തടയാൻ തീരുമാനമുണ്ടെങ്കിലും പലപ്പോഴും നടപ്പാവുന്നില്ല.

അനധികൃത പാർക്കിങ്ങും പ്രധാന കാരണം

നഗരത്തിൽ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. വീതികുറഞ്ഞ ഭാഗങ്ങളിൽ ഇരുവശവും വാഹനങ്ങൾ നിർത്തിയിട്ടാൽ ഇരുവശത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാനാവില്ല. പട്ടാമ്പി-ഗുരുവായൂർ റോഡ് ജങ്ഷൻ മുതൽ കമാനം വരെയുള്ള പാത ഇടുങ്ങിയതാണ്. ഇവിടെ കാൽനടയാത്രക്കാർക്കുള്ള നടപ്പാത പോലുമില്ല. ഇവിടെയാണ് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്തിടുന്നത്. ഇതോടെ കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. മറ്റ് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനുമാവില്ല. നോ പാർക്കിങ് എഴുതിയ ബോർഡുകൾ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയമം ആരും അനുസരിക്കാറില്ല.

Share with Friends on Social Medias