loader
കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം  വിട്ടുനല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം

കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം വിട്ടുനല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്‍കി സംസ്‌കരിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്‌കരിക്കാനായി വിട്ടുനല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹമായിരുന്നു.

സെപ്തംബര്‍ 16ന് തോട്ടില്‍ വീണ് മരിച്ച അട്ടപ്പാടി ധോണിഗുണ്ട് സ്വദേശിനി വള്ളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി പോലീസ് ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മൃതദേഹം മാറി നല്‍കിയ വിവരം പുറത്തറിയുന്നത്.അട്ടപ്പാടി ധോണിഗുണ്ട് സ്വദേശിനി വള്ളിയുടെ (35) മൃതദേഹമാണ് കോവിഡ് ബാധിച്ച് മരിച്ച പാലക്കാട് മൂത്താന്തറ സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം നല്‍കിയത്. ജാനകിയമ്മയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ നല്‍കിയ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

സെപ്തംബര്‍ 16ന് തോട്ടില്‍ വീണ് മരിച്ച വള്ളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി പോലീസ് എത്തിയപ്പോഴാണ് മൃതദേഹം മാറി നല്‍കിയ വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം പാലക്കാട് വടക്കന്തറയില്‍ മരിച്ച ജാനകിയമ്മയുടെ മൃതദേഹമെന്ന രീതിയില്‍ സംസ്‌കരിച്ചത് വള്ളിയമ്മയുടെ മൃതദേഹമായിരുന്നുവെന്ന് കണ്ടെത്തി. ജാനകിയമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെയുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി.

ജാനകിയമ്മക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അധികൃതര്‍ നല്‍കിയ മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതുപോലെ സംസ്‌കരിക്കുകയായിരുന്നുവെന്ന് ജാനകിയമ്മയുടെ ബന്ധുക്കള്‍ പറഞ്ഞു.

സംഭവം അറിഞ്ഞ് ജാനകിയമ്മയുടെ ബന്ധുക്കള്‍ വീണ്ടും ജില്ലാ ആശുപത്രിയിലെത്തി മോര്‍ച്ചറിയില്‍ കിടന്ന ജാനകി അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങി വൈകീട്ടോടെ ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.

വള്ളിയുടെ മരണത്തില്‍ അഗളി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് ദഹിപ്പിച്ചത്. വള്ളിയുടെ പഴയ വസ്തുക്കളും ഫോട്ടോയും ഉപയോഗിച്ച് ഇന്നലെ സംസ്‌കാര ചടങ്ങുകള്‍ നടത്തി.

സംഭവത്തില്‍ പരാതി നല്‍കുമെന്ന് വള്ളിയുടെ ഭര്‍ത്താവ് ബൈജു പറഞ്ഞു. സംഭവത്തില്‍ വകുപ്പ്തല അന്വേഷണം തുടങ്ങിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോവിഡായതിനാല്‍ മോര്‍ച്ചറിയിലെ ജീവനക്കാര്‍ കുറവായിരുന്നു. വള്ളിയുടെ മൃതദേഹം മാറി നല്‍കിയതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വള്ളിയുടെ വസതി സന്ദര്‍ശിച്ച ശേഷം ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ: പ്രഭുദാസും വള്ളിയുടെ വീട്ടിലെത്തി.

Share with Friends on Social Medias