loader
ഇന്ത്യ- ചൈന ചർച്ച അടുത്ത ആഴ്ച;കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം  ഇന്ത്യയ്ക്ക് കൈമാറും

ഇന്ത്യ- ചൈന ചർച്ച അടുത്ത ആഴ്ച;കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറും

അതിർത്തിയിലെ സൈനിക പിന്മാറ്റം വേഗത്തിലാക്കണമെന്ന ഇന്ത്യ-ചൈന ധാരണയ്ക്ക് തുടർച്ചയായി അടുത്ത ആഴ്ച ആദ്യം ചർച്ച തുടങ്ങുമെന്ന് സൂചന. കോർപ്‌സ് കമാൻഡർ തല ചർച്ചകളാണ് പുനരാരംഭിക്കുന്നത്.
 
ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ അഞ്ച് ധാരണകളുണ്ടായെങ്കിലും അതിർത്തിയിൽ ചൈനീസ് സേനയുടെ നീക്കങ്ങൾ ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ് കരസേന. സംഘർഷം ലഘൂകരിക്കുന്നതിൽ ചൈനയുടെ ഭാഗത്ത് നിന്ന് ഗൗരവമുള്ള നടപടികൾ ഉണ്ടാകുന്നുണ്ടോയെന്ന് വിലയിരുത്തും. അതിർത്തി മേഖലകളിൽ ജാഗ്രത തുടരും.
 
ഇന്നലെ കരസേനാ ആസ്ഥാനത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി. അടുത്ത ആഴ്ച ആദ്യം കോർപ്‌സ് കമാൻഡർ തല ചർച്ചകൾ പുനരാരംഭിച്ചേക്കും. ചുഷൂലിൽ ബ്രിഗേഡ് കമാൻഡർ തല ചർച്ചകൾ ഇന്നും തുടർന്നേക്കും.
 
അതേസമയം അരുണാചലിൽ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം ഇന്ന് രാവിലെ 9.30ന് ഇന്ത്യയ്ക്ക് കൈമാറും. അരുണാചൽ-ചൈന അതിർത്തിയിലെ ദമായിയിലാണ് കൈമാറ്റം നിശ്ചയിച്ചിരിക്കുന്നത്. യുവാക്കളെ ചൈനയിൽ കണ്ടെത്തിയെന്ന് പീപ്പിൾ ലിബറേഷൻ ആർമി കരസേനയെ അറിയിച്ചിരുന്നു.
 
കഴിഞ്ഞ മാസമാണ് ഈ യുവാക്കളെ കാണാതായത്. ടാഗിൻ ഗോത്രത്തിൽ പെട്ട യുവാക്കളെ കാണാതായതായി അതില്‍ ഒരാളുടെ സഹോദരൻ സമൂഹ മാധ്യമത്തിൽ ആരോപിച്ചിരുന്നു. പിന്നീട് ചൈനക്ക് സന്ദേശം അയച്ച ഇന്ത്യക്ക് അവരെ കണ്ടെത്തിയതായി മറുപടി ലഭിച്ചു. വേട്ടക്ക് ഇറങ്ങിയ സംഘത്തിലെ അഞ്ച് പേരാണ് അതിർത്തി അബദ്ധത്തിൽ കടന്നത്.

Share with Friends on Social Medias