loader
തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് സമൂഹവ്യാപനത്തിന്റെ സൂചന നൽകി സമ്പർക്ക രോഗബാധ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്നു രാവിലെ 6 മണി മുതൽ 7 ദിവസം തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു.
ഇന്നലെ മാത്രം 22 പേർക്കു സമ്പർക്കം വഴി രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ക്ലിഫ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. ട്രിപ്പിൾ ലോക്ഡൗണിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെ കോർപറേഷൻ പരിധിയിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും വീടുകളിലിരുന്നു ജോലി ചെയ്യും.
സ്ഥിതിഗതികൾ അതിസങ്കീർണമാണെങ്കിലും സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ രാവിലെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണു തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് ഏറ്റവും ഉയർന്ന സമ്പർക്ക രോഗബാധയുടെ കണക്ക് പുറത്തുവന്നത്. ഇവരിൽ 2 വയസ്സുള്ള കുട്ടി മുതൽ 70 വയസ്സുകാരൻ വരെയുണ്ട്.
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അവശ്യ സർവീസുകൾ മാത്രമേ ലോക്ക് ഡൗൺ പ്രദേശത്ത് അനുവദിക്കുകയുള്ളൂവെന്നും ഡിജിപി വ്യക്തമാക്കി. അത്യാവശ്യം ഉള്ള ആളുകൾക്കും മുതിർന്ന പൗരന്മാർക്കും മാത്രം പൊലീസിന്റെ സഹായം തേടാം.
വാഹനങ്ങളിൽ യാത്ര അനുവദിക്കില്ലെന്ന് ഡിജിപി. പലചരക്ക്, പഴം, പച്ചക്കറി കടകൾ തുറക്കാവുന്നതാണ്. ഏഴ് മണി മുതൽ 11 മണി വരെ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സമൂഹിക അകലം പാലിച്ച് മാത്രം കടകളിൽ പോയി സാധനങ്ങൾ വാങ്ങിക്കാവുന്നതാണെന്നും ഡിജിപി പറഞ്ഞു.

Share with Friends on Social Medias