loader
ബിഹാറിന് പിന്നാലെ  അരുണാചൽ പ്രദേശിലും ശക്തമായ തിരിച്ചടി;  ആറ് ജെ.ഡി.യു എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ബിഹാറിന് പിന്നാലെ അരുണാചൽ പ്രദേശിലും ശക്തമായ തിരിച്ചടി; ആറ് ജെ.ഡി.യു എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

 

ബിഹാറിന് പിന്നാലെ നിതീഷ് കുമാറിന് അരുണാചൽ പ്രദേശിലും ശക്തമായ തിരിച്ചടി. അരുണാചലിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിൽ (ജെ.ഡി.യു)നിന്നും ആറ് എം.എൽ.എമാർ ബിജെപിയിൽ ചേർന്നു. ഇതോടെ 60 അംഗ നിയമസഭയിൽ നിതീഷ് കുമാറിന്റെ പാർട്ടിക്ക് ഒറ്റ എംഎൽഎയായി ചുരുങ്ങി. എന്നാൽ, ഇതോടെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉൾപ്പെടെ ബിജെപി പക്ഷത്ത് 48 എംഎൽഎമാരായി.


ജെഡിയു എം.എൽ.എമാരായ ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോർജീ വാമ്ങ്ഡി ഖർമ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ജെഡിയു സംസ്ഥാന മേധാവിയോട് ആലോചിക്കാതെ നിയമസഭാ പാർട്ടി നേതാവിനെ തിരഞ്ഞെടുത്തതിനേ തുടർന്ന് ഇവരിൽ മൂന്ന് പേരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സസ്പെൻഡ് ചെയ്യുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിലും ജനങ്ങൾക്കുള്ള പ്രതീക്ഷയും വിശ്വാസവുമാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബിയുറാം വാഹെ പറഞ്ഞു. എംഎൽഎമാരുടെ നീക്കത്തിൽ നിതീഷ് കുമാർ അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ. ബിജെപി വിശ്വാസവഞ്ചന നടത്തിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

അരുണാചലിൽ ജെ.ഡി.യു പ്രതിപക്ഷത്താണെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു. ഏഴ് സീറ്റുകൾ നേടിയതിനേ തുടർന്ന് കഴിഞ്ഞ വർഷമാണ് ജെ.ഡി.യുവിന് അരുണാചൽ പ്രദേശിൽ സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിച്ചത്. 41 സീറ്റുകൾ നേടിയ ബിജെപിക്ക് പിന്നിൽ ഏഴ് സീറ്റുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു പാർട്ടി.

Share with Friends on Social Medias