ഒരു ഡിജിറ്റൽ കേരളം യാത്ര : പാലക്കാട് - വാല്പാറ - അതിരപ്പള്ളി

വശ്യ സുന്ദരമായ കാടിനെ തൊട്ടു തലോടി സ്വിഫ്റ്റ് യാത്ര തുടർന്നു. ഞങ്ങളുടെ ആദ്യ യാത്ര വനത്തിലൂടെ ആകണമെന്ന് നിർബന്ധമുണ്ടായിരുന്ന സ്ഥിതിക്ക്, അതിനു പറ്റിയ സ്ഥലങ്ങൾ അന്വേഷിച്ചു നടന്ന അവസരത്തിൽ എത്തിപ്പെട്ടത് തമിഴ്‌നാട്ടിലെ വാല്പാറ യിൽ നിന്നാരംഭിച്ചു കേരളത്തിലെ അതിരപ്പള്ളിയിൽ എത്തിച്ചേരുന്ന ഒരു നീളമേറിയ യാത്ര ആയിരുന്നു .

പാലക്കാടിലെ ഗോപാലപുരം, അവിടെ നിന്ന് പൊള്ളാച്ചി ബൈപാസ് , അവിടെ നിന്ന് ആളിയാർ ഡാം , പിന്നീട് ഷോളയാർ ഡാം , അതിനു ശേഷം വാല്പാറ എസ്റ്റേറ്റുകൾ, തുടർന്ന് ഭീതിജനകവും ത്രില്ലടിപ്പിക്കുന്നതുമായ വാഴച്ചാൽ യാത്ര. വരയാടും കുരങ്ങനും കാട്ടുപോത്തുകളും ആനയും കടുവയും സിംഹവാലൻ കുരങ്ങും നാനാവിധ പക്ഷി മൃഗാദികളും നിറഞ്ഞ നിബിഡ വനപ്രദേശം, അതിനെ കുളിരേകുന്ന പുഴകളും തടാകങ്ങളും...ലോകത്തു ഇതിനേക്കാൾ സുന്ദരമായ സ്ഥലങ്ങൾ വേറെ ഉണ്ടോ എന്നു പോലും തോന്നിപ്പിക്കുന്ന തരത്തിലുള്ള ആ വശ്യതക്കു ഈ ലോകത്തോട് നന്ദി പറയേണ്ടതുണ്ട് ...

 

വാല്പാറ പുഴയും വാല്പാറ വെള്ളച്ചാട്ടവും തന്ന സന്തോഷത്തിൽ ഞങ്ങൾ ആതിരപ്പള്ളിയിലേക്കു യാത്ര തിരിച്ചു, യാത്രക്കിടയിൽ വാഴച്ചാലിൽ നിന്നും ഏകദേശം രണ്ടര കിലോമീറ്റര് മാറി സ്ഥിതി ചെയ്യുന്ന ചാർപ്പ വെള്ളച്ചാട്ടവും കണ്ടു അതിരപ്പള്ളിയിൽ എത്തി ചേർന്നു. അപ്പോഴേക്കും കാടിനെ കീറി മുറിച്ചു ശക്തമായ മഴ വരവറിയിച്ചു. ശക്തമായ മഴ വെള്ളച്ചാട്ടത്തിനു കൂടുതൽ മനോഹാരിത പകർന്നു.

ആയിരക്കണക്കിന് വിനോദസഞ്ചാരികളാൽ ആതിരപള്ളി വെള്ളച്ചാട്ടം കൂടുതൽ സുന്ദരിയായി.

കണ്ടത് മനോഹരമാണെങ്കിൽ കാണാനിരിക്കുന്നതു അതി മനോഹരം എന്ന കവി വാക്യം ഓർമപ്പെടുത്തി ആ യാത്ര പര്യവസാനിച്ചു ...